ചെങ്കടലിൻ മുന്നിലെ പ്രതിസന്ധി

ചെങ്കടലിൻ മുന്നിലെ പ്രതിസന്ധി

പുറപ്പാട് 14-‍ാ‍ം അധ്യായത്തിൽ, ഈജിപ്‌തിൽ നിന്നുള്ള പ്രയാണത്തിൽ  ഇസ്രായേല്യർ ആദ്യത്തെ പ്രതിസന്ധി  നേരിടുന്നതായി നാം കാണുന്നു. മിസ്രയീമ്യ സൈന്യം അവരെ പിന്നിൽ നിന്ന് പിന്തുടരുന്നു, മുൻപിൽ ചെങ്കടൽ. എന്തുചെയ്യണമെന്നറിയാതെ, എങ്ങോട്ട് തിരിയണം എന്നറിയാതെ അവർ ഭയപ്പെട്ടു നിലവിളിക്കുന്നു.
പുറപ്പാട് 14:10 ഫറവോൻ അടുത്തുവരുമ്പോൾ യിസ്രായേൽമക്കൾ തലഉയർത്തി മിസ്രയീമ്യർ പിന്നാലെ വരുന്നതു കണ്ടു ഏറ്റവും ഭയപ്പെട്ടു; യിസ്രായേൽമക്കൾ യഹോവയോടു നിലവിളിച്ചു.

ഇതുപോലെയുള്ള സാഹചര്യങ്ങൾ നമ്മുടെ ജീവിതയാത്രയിലും ഉണ്ടാകാം.എങ്ങോട്ട് തിരിയണം, എന്തുചെയ്യണമെന്നറിയാതെ ഭാരപ്പെടുന്ന, നിലവിളിക്കുന്ന നിമിഷങ്ങൾ. അത് പ്രിയപ്പെട്ടവരുടെ പെട്ടെന്നുള്ള വേർപാട് ആയിരിക്കാം പെട്ടെന്ന് കടന്നു വരുന്ന രോഗങ്ങൾ ആയിരിക്കാം സാമ്പത്തികഭാരം ആയിരിക്കാം, ജോലി നഷ്ടപ്പെടുന്നത് ആയിരിക്കാം, എന്നാൽ അതിനെല്ലാം മധ്യത്തിൽ പിറുപിറക്കാതെ, പരാതിപ്പെടാതെ ഹൃദയം നുറുങ്ങി  വിളിക്കുമ്പോൾ പരിഹാരമായി നമ്മുടെ ദൈവം കടന്നുവരും നിശ്ചയം. ഇവിടെ അതാണ് സംഭവിച്ചത്.

പുറപ്പാട് 14:13,14 : അതിന്നു മോശെ ജനത്തോടു: ഭയപ്പെടേണ്ടാ; ഉറച്ചുനില്പിൻ; യഹോവ ഇന്നു നിങ്ങൾക്കു ചെയ്‍വാനിരിക്കുന്ന രക്ഷ കണ്ടുകൊൾവിൻ; നിങ്ങൾ ഇന്നു കണ്ടിട്ടുള്ള മിസ്രയീമ്യരെ ഇനി ഒരുനാളും കാണുകയില്ല.
യഹോവ നിങ്ങൾക്കുവേണ്ടി യുദ്ധംചെയ്യും; നിങ്ങൾ മിണ്ടാതിരിപ്പിൻ എന്നു പറഞ്ഞു.

സങ്കീർത്തനങ്ങൾ 46:10 മിണ്ടാതിരുന്നു, ഞാൻ ദൈവമെന്നു അറിഞ്ഞുകൊൾവിൻ; ഞാൻ ജാതികളുടെ ഇടയിൽ ഉന്നതൻ ആകും; ഞാൻ ഭൂമിയിൽ ഉന്നതൻ ആകും.

ചെങ്കടൽ പോലെയുള്ള ഉള്ള ചില വൻ പ്രശ്നങ്ങൾ ,പ്രതിസന്ധികൾ നമ്മുടെ മുമ്പിൽ വരുമ്പോൾ ദൈവത്തിൻറെ കരങ്ങൾ പ്രവർത്തിക്കാനായി നാം നമ്മെ തന്നെ വിട്ട് കൊടുക്കണം. സങ്കീർത്തന കാരൻ പറഞ്ഞതുപോലെ "മിണ്ടാതിരുന്നു ഞാൻ ദൈവമെന്നു അറിഞ്ഞു കൊൾവിൻ"
അവൻ നമുക്ക് പകൽ മേഘ സ്തംഭം ആയും രാത്രി അഗ്നി തൂണായും നമ്മോട് ചേർന്ന് നടക്കുന്നവനാണ് . ഹാലേലൂയ്യ.
ദൈവം നമ്മെ ഏൽപ്പിച്ചിരിക്കുന്ന ചില "വടികൾ" ഉണ്ട്. ദൈവ വചനം, പ്രാർത്ഥന, വിശ്വാസം.
ദൈവവചനത്തിൽ നിന്നുള്ള വാഗ്ദാനങ്ങൾ നമ്മുടെ സ്വന്തമാക്കി വിശ്വാസത്തോടുകൂടി പ്രാർത്ഥിക്കാം.

പുറപ്പാട് 14:22
 യിസ്രായേൽമക്കൾ കടലിന്റെ നടുവിൽ ഉണങ്ങിയ നിലത്തുകൂടി നടന്നുപോയി; അവരുടെ ഇടത്തും വലത്തും വെള്ളം മതിലായി നിന്നു.
വലിയ തിരമാല പോലെ പൊങ്ങിവരുന്ന പ്രതിസന്ധികളെ  ഉണങ്ങിയ നിലങ്ങൾ ആക്കി മാറ്റുവാൻ, അതിനു മധ്യത്തിലൂടെ നമ്മെ അക്കരെ എത്തിക്കുവാൻ ദൈവം മതിയായവൻ ആണ്.

ഇതെഴുതുന്ന എൻറെയും ഇത് വായിക്കുന്ന നിങ്ങളുടെയും  ജീവിത അനുഭവം ആണല്ലോ അത്.

തുടർന്ന് ഫറവോനെയും അവൻറെ സൈന്യത്തെയും കടലിൽ മുക്കിക്കളഞ്ഞു എന്നും നാം വായിക്കുന്നു.
ഇങ്ങനെയുള്ള അത്ഭുതങ്ങൾ ദൈവം നമ്മുടെ ജീവിതത്തിലും ചെയ്തിട്ടില്ലേ? ഇന്ന് തിരിഞ്ഞു നോക്കുമ്പോൾ നാം കടന്നു പോയ പല പ്രതിസന്ധികളെയും നാം അറിയാതെ തന്നെ 'മുക്കിക്കളഞ്ഞ' ദൈവം നമ്മോടുകൂടെ ഉണ്ട്.

ചെങ്കടൽപോൽ ശത്രു ചുറ്റും ആർത്തിരമ്പിയാൽ
ധൈര്യഹീനനായിടാതെ യേശുവിൽ മാത്രം
കൈപിടിച്ചു നടന്നീടിൽ തമ്പുരാൻ എന്നും
ശത്രുവിൻ മേൽ വിജയം നേടാൻ കൃപയേകുമേ....

വി വി സാമുവൽ.

Comments

Popular posts from this blog

പുറപ്പാട് 13 - 2

2 ശമുവേൽ: 23 -24 1 രാജാക്കന്മാർ: 1

ആവർത്തനം 27: 2,3: -