സംഖ്യാപുസ്തകം 11:23 "യഹോവ മോശെയോടു: യഹോവയുടെ കൈ കുറുതായിപ്പോയോ?

സംഖ്യാപുസ്തകം 11:23 "യഹോവ മോശെയോടു: യഹോവയുടെ കൈ കുറുതായിപ്പോയോ?

   ഇസ്രായേൽ ജനം  സീനായി മരുഭൂമിയിൽ നിന്ന് വാഗ്‌ദത്ത ദേശത്തേക്കുള്ള യാത്ര തുടങ്ങിയപ്പോൾ ഒരു വലിയ പ്രതിസന്ധി ഉണ്ടായി.
ജനം അവരുടെ ബുദ്ധിമുട്ടുകളെക്കുറിച്ച് പരാതിപ്പെടാൻ തുടങ്ങി, അപ്പോൾ ദൈവത്തിന് കോപം ജ്വലിച്ചു.

 സംഖ്യാ.11:1 "അനന്തരം ജനം യഹോവെക്കു അനിഷ്ടം തോന്നുമാറു പിറുപിറുത്തു; യഹോവ കേട്ടു അവന്റെ കോപം ജ്വലിച്ചു; യഹോവയുടെ തീ അവരുടെ ഇടയിൽ കത്തി പാളയത്തിന്റെ അറ്റങ്ങളിലുള്ളവരെ ദഹിപ്പിച്ചുകളഞ്ഞു."
 ഇസ്രായേല്യർ പിറുപിറുത്ത്, ഇറച്ചി ആവശ്യപ്പെടാൻ തുടങ്ങി. ദൈവം അവർക്ക് നൽകിയ മന്ന "അതു കൊത്തമ്പാലരിപോലെയും വെള്ളനിറമുള്ളതും തേൻ കൂട്ടിയ ദോശയോടൊത്ത രുചിയുള്ളതും ആയിരുന്നു".
 രുചികരവും ആരോഗ്യകരവുമായ,  മന്ന ആവശ്യം പോലെ ലഭിക്കുമ്പോഴാണ് അവർ പരാതി പറയാൻ തുടങ്ങിയത്.. (പുറ .16: 31).

സംഖ്യാ. 11:4 "പിന്നെ അവരുടെ ഇടയിലുള്ള സമ്മിശ്രജാതി ദുരാഗ്രഹികളായി, യിസ്രായേൽമക്കളും വീണ്ടും കരഞ്ഞുകൊണ്ടു: ഞങ്ങൾക്കു തിന്മാൻ ഇറച്ചി ആർ തരും? എന്ന് പറഞ്ഞു."
ബാധകൾ കാരണം തങ്ങളുടെ രാജ്യത്തിന് എന്ത് സംഭവിച്ചു എന്ന് കണ്ട് മിസ്രയീമ്യരിൽ ചിലരും ഇസ്രയേലിയരോടു കൂടെ യാത്ര തുടങ്ങി. ഇസ്രായേല്യരുടെ ദൈവം അവരെ അനുഗ്രഹിക്കുന്നത് അവർ കണ്ടു.
 ഇസ്രായേല്യർക്ക് ലഭിക്കാൻ പോകുന്ന എല്ലാ അനുഗ്രഹങ്ങളിലും തങ്ങൾക്കും പങ്ക് ലഭിക്കുമെന്ന് അവർ പ്രതീക്ഷിച്ചിരിക്കാം….. പ്രശ്നങ്ങൾ വന്നപ്പോൾ അവരുടെ  യഥാർത്ഥ സ്വഭാവം പുറത്തുവന്നു. വിശ്വാസ യാത്രയിൽ അവിശ്വാസികളായ  ആളുകളെ കൂടെ കൂട്ടിയാൽ ഇങ്ങനെ സംഭവിക്കാം. അവർ "ദുരാഗ്രഹികളായി" പരാതിപ്പെടാൻ തുടങ്ങിയപ്പോൾ ഇസ്രായേല്യരും അവരോടൊപ്പം പരാതിപ്പെടാൻ തുടങ്ങി.

A. ഇസ്രായേല്യരുടെ  കരച്ചിൽ?

1. ഞങ്ങൾക്ക് കഴിക്കാൻ മാംസം കിട്ടിയിരുന്നെങ്കിൽ.!!

2.  സംഖ്യാ. 11:5 "ഞങ്ങൾ മിസ്രയീമിൽവെച്ചു വിലകൂടാതെ തിന്നിട്ടുള്ള മത്സ്യം, വെള്ളരിക്കാ, മത്തെങ്ങാ, ഉള്ളി, ചുവന്നുള്ളി, ചിറ്റുള്ളി എന്നിവ ഞങ്ങൾ ഓർക്കുന്നു."

അവരുടെ പരാതി കേട്ടാൽ അവർ മിസ്രയീമിൽ ഒരു ആഡംബര ജീവിതമാണ് നയിച്ചിരുന്നത് എന്ന് തോന്നും.
..അവർ മിസ്രയീമിൽ അനുഭവിച്ച  അടിമത്തവും കഷ്ടപ്പാടുകളും പീഡനങ്ങളും എല്ലാം അവർ മറന്നു.

സംഖ്യാ.11:10" ജനം കുടുംബംകുടുംബമായി ഓരോരുത്തൻ താന്താന്റെ കൂടാരവാതിൽക്കൽവെച്ചു കരയുന്നതു മോശെ കേട്ടു; യഹോവയുടെ കോപം ഏറ്റവും ജ്വലിച്ചു; മോശെക്കും അനിഷ്ടമായി."

മിസ്രയീമിൽ നിന്ന് പുറപ്പെട്ട പുരുഷന്മാർ തന്നെ 6, ലക്ഷം ആയിരുന്നു (സംഖ്യ 11: 21). അതിനാൽ സ്ത്രീകൾ കുട്ടികൾ ഉൾപ്പെടെ 20, ലക്ഷത്തിൽ പരം ആളുകൾ ഉണ്ടായിരുന്നു എന്ന് അനുമാനിക്കാം ഇവിടെ മോശ തികച്ചും നിരാശനായി എന്ന് നാം വായിക്കുന്നു. സംഖ്യാ 11: 11-15 ൽ, മോശ എങ്ങനെയാണ് ദൈവത്തോട് പ്രാർത്ഥിക്കുകയും പരാതിപ്പെടുകയും  ചെയ്യുന്നതെന്ന് നാം കാണുന്നു. സംഖ്യാ.11:14 "ഏകനായി ഈ സർവ്വജനത്തെയും വഹിപ്പാൻ എന്നെക്കൊണ്ടു കഴിയുന്നതല്ല; അതു എനിക്കു അതിഭാരം ആകുന്നു".
തന്നെ കൊന്നുകളയാൻ പോലും അവൻ ദൈവത്തോട് ആവശ്യപ്പെടുന്നു.  (സംഖ്യ 11: 15). മോശയെ നാംവളരെ നിരാശനായി മരിക്കാൻ പോലും തയ്യാറായ അവസ്ഥയിൽ കാണുന്നു.

 ഒരു ഘട്ടംവരെ മോശെ ജനത്തെ തനിയെ നയിക്കുകയായിരുന്നു. എന്നാൽ ഈ വലിയ ജനത്തെ നയിക്കാൻ മോശയെ സഹായിക്കാൻ 70 നേതാക്കളെ നിയോഗിച്ചുകൊണ്ട് ദൈവം ആ പ്രശ്നം പരിഹരിച്ചു. സംഖ്യ.11:16,17.

30 ദിവസം തുടർച്ചയായി അവർക്ക് മാംസം നൽകാമെന്ന് കർത്താവ് വാഗ്ദാനം ചെയ്തു. സംഖ്യ 11:18-20. മോശയ്ക്ക് അത് വിശ്വസിക്കാൻ കഴിഞ്ഞില്ല. മോശ അത് അസാധ്യമെന്ന് ചിന്തിച്ചു,
അവൻ ദൈവത്തോട് ചോദിച്ചു (സംഖ്യ 11:22) "അവർക്കു മതിയാകുംവണ്ണം ആടുകളെയും മാടുകളെയും അവർക്കുവേണ്ടി അറുക്കുമോ? അവർക്കു മതിയാകുംവണ്ണം സമുദ്രത്തിലെ മത്സ്യത്തെ ഒക്കെയും അവർക്കു വേണ്ടി പിടിച്ചുകൂട്ടുമോ" ?

മോശെ മനസ്സിൽ കണക്ക് കൂട്ടുകയായിരുന്നു, 20 ലക്ഷത്തിലധികം ആളുകൾക്ക് ഭക്ഷണം നൽകാൻ ആവശ്യമായ മാംസം!! അതും ഒരു നേരം അല്ല ,തുടർച്ചയായി ഒരു മാസം !! മരുഭൂമിയിൽ.!!

 ഈ സമയത്ത് ദൈവം മോശെയോട് ചോദിക്കുന്നു,  "യഹോവയുടെ കൈ കുറുതായി പോയോ ?

 എൻറെ വചനം നിവൃത്തി ആകുമോ ഇല്ലയോ എന്ന് നീ ഇപ്പോൾ കാണും എന്നു കല്പിച്ചു'. ഇസ്രായേൽ ജനത്തെ ഫറോന്റെ കയ്യിൽ നിന്ന് 10 ബാധകൾ വരുത്തി വിടുവിച്ചവൻ, സമുദ്രത്തെ വിഭജിച്ച് വരണ്ട നിലത്തിലൂടെ നടക്കാൻ അവരെ പ്രേരിപ്പിച്ചവൻ ... അവന് ഇതും സാധ്യമല്ലേ ??

B. ദൈവം അവർക്ക് എങ്ങനെ മാംസം നൽകി?

(11:31) "അനന്തരം യഹോവ അയച്ച ഒരു കാറ്റു ഊതി കടലിൽനിന്നു കാടയെ കൊണ്ടുവന്നു പാളയത്തിന്റെ സമീപത്തു ഒരു ദിവസത്തെ വഴി ഇങ്ങോട്ടും ഒരു ദിവസത്തെ വഴി അങ്ങോട്ടും ഇങ്ങനെ പാളയത്തിന്റെ ചുറ്റിലും നിലത്തോടു ഏകദേശം രണ്ടു മുഴം അടുത്തു പറന്നുനില്ക്കുമാറാക്കി.

സുഹൃത്തുക്കളേ, "മരിച്ചാൽ മതി" എന്ന് കരുതുന്ന നിരാശാകരമായ ജീവിത അനുഭവങ്ങളിൽ കൂടി നിങ്ങൾ കടന്നു പോകുന്നുണ്ടോ?

 എന്റെ ജീവിതത്തിലെ വിവിധ അവസരങ്ങളിൽ, വലുതും നിരാശജനകവുമായ ചില പ്രശ്നങ്ങൾ ഞാൻ നേരിട്ടപ്പോൾ, ഞാനും ദൈവത്തോട് ചോദിച്ചു, കർത്താവേ, നീ എന്നെ എന്തിനാണ് ഈ അവസ്ഥയിലേക്ക് കൊണ്ടുവന്നത്? ഞാൻ എന്ത് തെറ്റ് ചെയ്തു? ഇത് എനിക്ക് തനിയേ കൈകാര്യം ചെയ്യാൻ കഴിയുന്നതിനും അപ്പുറമാണ്.

എന്നാൽ തിരിഞ്ഞുനോക്കി കർത്താവ് ഇതുവരെ നടത്തിയ വഴികളെയും,നൽകിയിട്ടുള്ള എല്ലാ അനുഗ്രഹങ്ങളെയും  നാം ഓർക്കുന്നുണ്ടോ? ഒരുകാലത്ത് നമ്മുടെ അവസ്ഥ എന്തായിരുന്നു? ഇത്രത്തോളം നമ്മെ വഴി നടത്തിയില്ലേ.??

ഇത് വായിക്കുന്ന ആരെങ്കിലും ജീവിത ഭാരങ്ങളാൽ, അല്ല മറ്റ്  എന്തിനെക്കുറിച്ചെങ്കിലും നിരാശരാണോ? നാം ദൈവഹിതത്തിന്റെ കേന്ദ്രത്തിലാണെങ്കിൽ, അവന്റെ അറിവും അനുവാദവുമില്ലാതെ നമ്മുടെ ജീവിതത്തിൽ ഒന്നും സംഭവിക്കില്ല?

ദൈവം നമ്മോട് ചോദിക്കുന്നു, യഹോവയുടെ  ഭുജം കുറുതായിപ്പോയോ?

 നാം നമ്മുടെ മുമ്പിലുള്ള വലിയ പ്രശ്‌നങ്ങൾ മാത്രം കാണുന്നുവോ ? അതോ ആ പ്രശ്നങ്ങളെക്കാൾ ഒരു വലിയ ദൈവത്തെ കാണുന്നുണ്ടോ?

ദൈവത്താൽ കഴിയാത്ത കാര്യമുണ്ടോ?

റവ.സി.വി.അബ്രഹാം.
വിവർത്തനം: വി. വി.സാമുവൽ.

Comments

Popular posts from this blog

പുറപ്പാട് 13 - 2

2 ശമുവേൽ: 23 -24 1 രാജാക്കന്മാർ: 1

ആവർത്തനം 27: 2,3: -