കുട്ടികളെ എങ്ങനെ അഭ്യസിപ്പിക്കാം.

കുട്ടികളെ  എങ്ങനെ അഭ്യസിപ്പിക്കാം.

ഒരു കുട്ടിയുടെ വിദ്യാഭ്യാസത്തെ ആവേശകരവും വെല്ലുവിളി നിറഞ്ഞതുമായ ഒരു യാത്രയോട്‌ ഉപമിക്കാം. നിങ്ങളും കുട്ടികളും ഒരുമിച്ചുള്ള യാത്രയാണത്‌. അവർക്കു പ്രോത്സാഹനങ്ങളും സ്‌നേഹപുരസ്സരമായ മാർഗനിർദേശങ്ങളും നൽകിക്കൊണ്ട്‌ ജീവന്റെ മാർഗത്തിൽ ചരിക്കാൻ നിങ്ങൾ അവരെ സഹായിക്കുന്നു.

ജീവിതത്തിൽ യഥാർഥ വിജയവും സന്തുഷ്ടിയും നേടുന്നതിന്‌ ധാർമികവും ആത്മീയവുമായ മൂല്യങ്ങൾ കുട്ടികൾ നട്ടുവളർത്തേണ്ടതുണ്ട്‌; അങ്ങനെ തെറ്റും ശരിയും വിവേചിക്കാൻ അവർ പഠിക്കുന്നു. അവർ ദൈവത്തെ അറിയുകയും അവനെ സ്‌നേഹിക്കുകയും ചെയ്യുന്നെങ്കിൽ അവരുടെ വിദ്യാഭ്യാസം പ്രതിഫലദായകവും അവർക്കു ലഭിക്കുന്ന നിർദേശങ്ങളുടെ മൂല്യം അനശ്വരവും ആയിരിക്കും. കുട്ടികൾ എന്തു പഠിക്കുന്നു എന്നതിലും പഠിക്കുന്ന കാര്യങ്ങൾ എങ്ങനെ വിലയിരുത്തുന്നു എന്നതിലും മാതാപിതാക്കളായ നിങ്ങൾക്ക്‌ കാര്യമായ പങ്കുണ്ട്‌.

കുട്ടികൾ നിങ്ങളെ നിരീക്ഷിക്കുന്നുണ്ട്‌!

ദൈവത്തെ  സ്‌നേഹിക്കാനും ഭയപ്പെടാനും നമുക്ക്‌ എങ്ങനെയാണ്‌ കുട്ടികളെ സഹായിക്കാനാകുക?

 പ്രവാചകനായ മോശെ മുഖാന്തരം യഹോവ ഇസ്രായേൽ ജനത്തിനു നൽകിയ ന്യായപ്രമാണത്തിൽ അതിനുള്ള ഉത്തരം കാണാം. യഹോവ മാതാപിതാക്കളോടായി ഇങ്ങനെ കൽപ്പിച്ചു: “നിന്റെ ദൈവമായ യഹോവയെ നീ പൂർണ്ണ ഹൃദയത്തോടും പൂർണ്ണമനസ്സോടും പൂർണ്ണശക്തിയോടും കൂടെ സ്‌നേഹിക്കേണം. ഇന്നു ഞാൻ നിന്നോടു കല്‌പിക്കുന്ന ഈ വചനങ്ങൾ നിന്റെ ഹൃദയത്തിൽ ഇരിക്കേണം. നീ അവയെ നിന്റെ മക്കൾക്കു ഉപദേശിച്ചുകൊടുക്കയും നീ വീട്ടിൽ ഇരിക്കുമ്പോഴും വഴി നടക്കുമ്പോഴും കിടക്കുമ്പോഴും എഴുന്നേല്‌ക്കുമ്പോഴും അവയെക്കുറിച്ചു സംസാരിക്കയും വേണം.”—⁠ആവർത്തനപുസ്‌തകം 6:5-7

ഈ ഭാഗത്ത്‌ മാതാപിതാക്കൾക്കുള്ള സുപ്രധാന പാഠങ്ങൾ അടങ്ങിയിരിക്കുന്നു. മാതാപിതാക്കളായ നിങ്ങൾ നല്ല മാതൃകവെക്കണം എന്നതാണ്‌ അതിലൊന്ന്‌. ദൈവത്തെ സ്‌നേഹിക്കാൻ കുട്ടികളെ പഠിപ്പിക്കുന്നതിന്‌, നിങ്ങൾക്കുതന്നെ ദൈവത്തോടു സ്‌നേഹം ഉണ്ടായിരിക്കണം; അവന്റെ വചനങ്ങൾ നിങ്ങളുടെ ഹൃദയത്തിൽ ഉണ്ടായിരിക്കുകയും വേണം. എന്തുകൊണ്ടാണ്‌ അതിത്ര പ്രധാനമായിരിക്കുന്നത്‌?

 കാരണം, പ്രാഥമികമായി കുട്ടികളുടെ അധ്യാപകൻ നിങ്ങളാണ്‌. നിങ്ങളിൽനിന്ന്‌ കണ്ടുംകേട്ടും പഠിക്കുന്ന കാര്യങ്ങൾ അവരുടെമേൽ ശക്തമായ സ്വാധീനം ചെലുത്തും. മാതാപിതാക്കൾ എന്ന നിലയിൽ നിങ്ങൾ വെക്കുന്ന മാതൃകയോളം കുട്ടികളുടെ ജീവിതത്തെ സ്വാധീനിക്കുന്ന മറ്റൊന്നില്ല.

നിങ്ങളുടെ ആഗ്രഹാഭിലാഷങ്ങൾ, മൂല്യങ്ങൾ, താത്‌പര്യങ്ങൾ എന്നിവ വാക്കുകളിൽ മാത്രമല്ല പ്രവൃത്തിയിലും നിഴലിക്കും. (റോമർ 2:21, 22) ശൈശവം മുതൽ കുട്ടികൾ നിങ്ങളെ ശ്രദ്ധാപൂർവം നിരീക്ഷിച്ചുകൊണ്ട്‌ പഠിക്കുന്നു. എന്തെല്ലാം കാര്യങ്ങളാണോ മാതാപിതാക്കൾക്ക്‌ ഏറ്റവും പ്രധാനം, മിക്കപ്പോഴും അതുതന്നെയായിരിക്കും കുട്ടികൾക്കും പ്രാധാന്യമുള്ളതായിത്തീരുന്നത്‌

 നിങ്ങൾക്ക്‌ ദൈവത്തോട്  ആത്മാർഥ സ്‌നേഹമുണ്ടെങ്കിൽ കുട്ടികൾക്ക്‌ അതു മനസ്സിലാകും. ഉദാഹരണത്തിന്‌ ബൈബിൾ വായനയും പഠനവും നിങ്ങൾക്കു പ്രാധാന്യമുള്ള കാര്യങ്ങളാണെന്ന്‌ അവർ തിരിച്ചറിയും. (മത്തായി 6:33)  ക്രമമായി ആരാധനയിൽ സംബന്ധിക്കുന്നതും സുവിശേഷ വേലയിൽ  പങ്കാളികൾ ആകുന്നതും
നിങ്ങളുടെ ജീവിതത്തിലെ പരമപ്രധാനസംഗതിയെന്നു അവർ കണ്ട്മനസ്സിലാക്കുവാൻ ഇടയാകും

ആവർത്തനപുസ്‌തകം 6:5-7-ൽനിന്ന്‌ മാതാപിതാക്കൾക്കുള്ള മറ്റൊരു പാഠം ഇതാണ്‌: കുട്ടികളെ പരിശീലിപ്പിക്കാനുള്ള ഉത്തരവാദിത്വം നിങ്ങളുടേതാണ്‌. പുരാതന കാലത്തെ  ജനത്തിനിടയിൽ, കുട്ടികളെ പഠിപ്പിക്കാനുള്ള ഉത്തരവാദിത്വം മാതാപിതാക്കൾക്കായിരുന്നു. ഒന്നാം നൂറ്റാണ്ടിലും ക്രിസ്‌തീയ മാതാപിതാക്കൾ ആ സുപ്രധാന പങ്കു നിർവഹിച്ചിരുന്നു. (2 തിമൊഥെയൊസ്‌ 1:5; 3:14, 15) “മക്കളെ . . . കർത്താവിന്റെ ബാലശിക്ഷയിലും പത്ഥ്യോപദേശത്തിലും പോറ്റി വളർ”ത്തേണ്ടത്‌ പ്രത്യേകിച്ചും പിതാക്കന്മാരാണെന്ന്‌ സഹക്രിസ്‌ത്യാനികൾക്ക്‌ എഴുതവേ അപ്പൊസ്‌തലനായ പൗലൊസ്‌ സൂചിപ്പിക്കുകയുണ്ടായി.—⁠എഫെസ്യർ 6:4.

ജോലിയും മറ്റ്‌ അനുദിന കാര്യങ്ങളും ജീവിതത്തെ വീർപ്പുമുട്ടിക്കുന്നതിനാൽ മാതാപിതാക്കൾ കുട്ടികളെ പഠിപ്പിക്കാനുള്ള ഉത്തരവാദിത്വം ഇക്കാലത്തു മറ്റുള്ളവർക്ക്‌ അതായത്‌, സ്‌കൂൾ അധ്യാപകർക്കും ശിശുപരിപാലന കേന്ദ്രങ്ങൾക്കും കൈമാറാൻ പ്രലോഭിതരായേക്കാം. എന്നാൽ ഒന്നോർക്കുക: സ്‌നേഹവും കരുതലുമുള്ള ഒരു അച്ഛനോ അമ്മയ്‌ക്കോ പകരമാവില്ല ആരും. നിങ്ങളുടെ പ്രാധാന്യത്തെയും സ്വാധീനത്തെയും ഒരിക്കലും താഴ്‌ത്തി മതിക്കരുത്‌. സഹായം ആവശ്യമാണെങ്കിൽ അതിനായി ജ്ഞാനപൂർവമായ ക്രമീകരണം ചെയ്യുക; പക്ഷേ നിങ്ങളുടെ പവിത്രമായ കടമ ഒരിക്കലും വെച്ചൊഴിയരുത്‌.

കുട്ടികളെ പരിശീലിപ്പിക്കാൻ സമയമെടുക്കുക

ആവർത്തനപുസ്‌തകം 6:5-7-ൽനിന്ന്‌ മാതാപിതാക്കൾക്കുള്ള മറ്റൊരു പാഠം ഇതാണ്‌: കുട്ടികളെ പരിശീലിപ്പിക്കാൻ സമയവും ശ്രമവും ആവശ്യമാണ്‌. ഇസ്രായേല്യ മാതാപിതാക്കൾ കുട്ടികൾക്ക്‌ ദൈവിക സത്യം “ഉപദേശിച്ചുകൊടു”ക്കണമായിരുന്നു. ഇവിടെ ഉപയോഗിച്ചിരിക്കുന്ന മൂലഎബ്രായ പദത്തിന്റെ അർഥം “ആവർത്തിക്കുക,” “വീണ്ടുംവീണ്ടും പറയുക” എന്നൊക്കെയാണ്‌. ദിവസം മുഴുവൻ, അതായത്‌ രാവിലെ മുതൽ സന്ധ്യവരെ, “വീട്ടിൽ ഇരിക്കുമ്പോഴും വഴി നടക്കുമ്പോഴും” എല്ലാം അതു ചെയ്യേണ്ടിയിരുന്നു. കുട്ടികളെ പഠിപ്പിക്കുന്നതിനും അവരുടെ മനോഭാവവും പെരുമാറ്റവും ദൈവത്തിന് പ്രസാദകരമായ രീതിയിൽ രൂപപ്പെടുത്തിയെടുക്കുന്നതിനും സമയവും ശ്രമവും ആവശ്യമാണ്‌.

അതുകൊണ്ട്‌, കുട്ടികൾക്ക്‌ യഥാർഥ വിദ്യാഭ്യാസം നൽകാൻ നിങ്ങൾക്ക്‌ എന്തു ചെയ്യാനാകും?

 തീർച്ചയായും ഒട്ടനവധി കാര്യങ്ങൾ ഉണ്ട്‌. ദൈവത്തെ സ്‌നേഹിക്കാനും ഭയപ്പെടാനും കുട്ടികളെ പഠിപ്പിക്കുക. ഉത്തമ മാതൃകകളായിരിക്കുക കുട്ടികളെ പഠിപ്പിക്കാനുള്ള ഉത്തരവാദിത്വമേൽക്കുക, അവരെ പരിശീലിപ്പിക്കാൻ വേണ്ടത്ര സമയം ചെലവഴിക്കുക.

നിങ്ങൾ അപൂർണരായതിനാൽ ഇതിൽ ചില വീഴ്‌ചകളൊക്കെ വന്നേക്കാം. എങ്കിലും ദൈവേഷ്ടം ചെയ്യാൻ നിങ്ങൾ ആത്മാർഥമായി ശ്രമിക്കുന്നപക്ഷം കുട്ടികൾ ആ ശ്രമത്തെ വിലമതിച്ച്‌ അതിൽനിന്ന്‌ പ്രയോജനം നേടാൻ സർവസാധ്യതയുമുണ്ട്‌. “ബാലൻ നടക്കേണ്ടുന്ന വഴിയിൽ അവനെ അഭ്യസിപ്പിക്ക; അവൻ വൃദ്ധനായാലും അതു വിട്ടുമാറുകയില്ല” എന്നു സദൃശവാക്യങ്ങൾ 22:6 പറയുന്നു
ബാലികമാർക്കും ഈ തത്ത്വം ബാധകമാണ്‌.

വി വി സാമുവൽ

Comments

Popular posts from this blog

പുറപ്പാട് 13 - 2

2 ശമുവേൽ: 23 -24 1 രാജാക്കന്മാർ: 1

ആവർത്തനം 27: 2,3: -