2 ശമു:6:1-15 ദൈവീക ശുശ്രൂഷകൾ എങ്ങനെ ചെയ്യണം

2 ശമു:6:1-15
ദൈവീക ശുശ്രൂഷകൾ എങ്ങനെ ചെയ്യണം

1ശമു.4 ൽ, ദൈവത്തോട് ആലോചന ചോദിക്കാതെ ദൈവത്തിൻറെ പെട്ടകം ഒരു മാന്ത്രിക വസ്തു എന്നപോലെ കരുതി അതുമായി ഫെലിസ്ത്യരുമായി യുദ്ധത്തിന് പുറപ്പെട്ട ഇസ്രായേല്യർ ദയനീയമായി പരാജയപ്പെടുകയും പെട്ടകം പിടിക്കപ്പെടുകയും ചെയ്തു എന്ന് നാം വായിക്കുന്നു.

ദൈവത്തിൻറെ പെട്ടകം തങ്ങൾക്ക് ജയം നൽകുവാൻ കഴിയുന്ന 'വിശേഷ വസ്തു' എന്ന് കരുതി ഫിലിസ്ത്യർ കൊണ്ടുപോയി തങ്ങളുടെ ക്ഷേത്രത്തിൽ വയ്ക്കുന്നു.

 കഴിഞ്ഞ 80 വർഷത്തോളം  ആയി ദൈവത്തിൻറെ പെട്ടകം ഇസ്രായേലിൽ നിന്നും അന്യമായിരുന്നു.
 എന്നാൽ താൻ ഇസ്രായേലിൻറെ രാജാവായി അഭിഷേകം ചെയ്യപ്പെട്ടു കഴിഞ്ഞശേഷം ആദ്യപടിയായി ദൈവത്തിൻറെ പെട്ടകം തങ്ങളുടെ മധ്യത്തിലേക്ക് കൊണ്ടുവരണമെന്ന് ദാവീദ് തീരുമാനിക്കുന്നു.

 കാലങ്ങളായി മുടങ്ങിക്കിടന്ന ദൈവാരാധന പുനസ്ഥാപിക്കാൻ ദാവീദ് ആത്മാർത്ഥമായി ആഗ്രഹിച്ചു.

എന്നാൽ ദാവീദിന് വീഴ്ചപറ്റി . പെട്ടകം എങ്ങനെയാണ് കൊണ്ടു വരേണ്ടത് എന്ന് സംഖ്യ 4: ഒന്നുമുതൽ പതിനഞ്ചുവരെ ഉള്ള വാക്യങ്ങളിൽ വ്യക്തമായി കൽപ്പന ഉണ്ടായിരുന്നു. എങ്കിലും വർഷങ്ങൾക്ക് മുമ്പ് ഫിലിസ്ത്യർ മടക്കി അയച്ച അതേ മാതൃകയിൽ തന്നെ ഒരു പുതിയ കാളവണ്ടിയിൽ കയറ്റിയാണ് പെട്ടകം കൊണ്ടുവരാൻ തീരുമാനിച്ചത്. തുടർന്ന് ഉണ്ടായ സംഭവം 1 മുതൽ 11 വരെയുള്ള വാക്യങ്ങൾ വായിക്കുന്നു.

ഉസ്സാ ഒരു ലേവ്യൻ ആയിരുന്നു. ദൈവത്തിൻറെ പെട്ടകം എങ്ങനെ കൊണ്ടുപോകണം എന്ന് അറിയേണ്ടവനാണ്. പുരോഹിതന്മാരുടെ തോളിൽ വഹിച്ചുകൊണ്ട് പോകേണ്ടിയ പെട്ടകം കാള വണ്ടിയിൽ കയററിയ അവിവേകം അവൻറെ മരണത്തിന് കാരണമായി.

ദൈവിക ശുശ്രൂഷയിൽ ദൈവാനുഗ്രഹം ലഭിക്കണമെങ്കിൽ ദൈവം വച്ചിരിക്കുന്ന മാർഗ്ഗത്തിൽക്കൂടി തന്നെ അക്കാര്യം നിർവഹിക്കപ്പെടേണ്ടതാണ്. ദൈവിക പ്രമാണ വിരുദ്ധമായ കുറുക്കുവഴികൾ നമ്മെ നാശത്തിലേക്ക് നയിക്കും.

"ദാവീദ് അവിടെവെച്ച് ദൈവത്തെ ഭയപ്പെട്ടു" പോയതുകൊണ്ട് തൽക്കാലം തൻറെ ഉദ്യമം അവസാനിപ്പിച്ചു .തുടർന്ന് കുറേക്കാലത്തിനുശേഷം ന്യായപ്രമാണത്തിൽ കൽപ്പിച്ചിരുന്ന പ്രകാരം പുരോഹിതൻമാരുടെ തോളിൽ വഹിച്ചുകൊണ്ട് തന്നെ പെട്ടകം ജെറുസലേമിലേക്ക് കൊണ്ടുവന്നു. ദാവീദ് തന്നെ ഘോഷയാത്ര നയിച്ചു.

ദൈവീക ശുശ്രൂഷകൾ ദൈവിക പദ്ധതി പ്രകാരം തന്നെ ചെയ്യാം. മാനുഷിക ആലോചനകൾ കലർത്തുന്നത് അനുഗ്രഹത്തിന് തടസ്സമാണ് എന്ന് ഈ ഭാഗം നമ്മെ പഠിപ്പിക്കുന്നു.

വി വി സാമുവൽ

Comments